ചെറായി : 52 ദിവസത്തെ വിശ്രമത്തിനുശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ കിളിമീൻ, കണവ, കിനാവള്ളി , ശീലാവ് എന്നീ മത്സ്യങ്ങളുമായി തിരിച്ചെത്തി. 15 ഓളം ബോട്ടുകളാണ് മുനമ്പം മേഖലയിലെ ഹാർബറുകളിൽ തിരിച്ചെത്തിയത്.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഒന്നിന് പുലർച്ചെ ബോട്ടുകൾ കടലിലേക്ക് പോയെങ്കിലും കാലാവസ്ഥ മോശമായതിനാൽ ഭൂരിഭാഗം ബോട്ടുകളും മത്സ്യബന്ധനം നടത്താതെ തിരിച്ചെത്തിയിരുന്നു . തിരിച്ചു പോരാതെ കടലിൽ ആങ്കർ ചെയ്തിരുന്ന ബോട്ടുകളാണ് ഒരു ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് മുനമ്പം ഹാർബറിൽ അടുത്തത്. കിട്ടിയ മത്സ്യത്തിന് മികച്ച വില ലഭിച്ചു. ചില ബോട്ടുകൾക്ക് 11 ലക്ഷം രൂപ വരെ ലഭിച്ചതായാണ് വിവരം. അതേസമയം കാളമുക്ക് മുരുക്കുംപാടം മേഖലയിൽ നിന്നുപോയ ബോട്ടുകളിൽ എൻജിൻ തകരാറായി തിരിച്ചു കയറിയ ചില ബോട്ടുകൾ അല്ലാതെ മത്സ്യവുമായി ഒരു ബോട്ടും എത്തിയില്ല.